Sunday, 19 November 2017

ബ്രൈമൂർ


തിരുവനന്തപുരത്ത്‌ നിന്നും 60 കിലോമീറ്റർ അകലെ ബ്രൈമൂർ സ്ഥിതി ചെയ്യുന്നു. പേരുകേട്ട ഹിൽ സ്റ്റേഷനായ പൊൻമുടിക്ക്‌ താഴെ, സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിൽ നിന്നും മുകളിലേക്ക്‌ ബ്രൈമൂർക്കാഴ്ച്ചകൾ ആരംഭിക്കുന്നു. 1880 ൽ ബ്രിട്ടീഷുകാർ ഏകദേശം 900 ഏക്കറുള്ള ഈ എസ്റ്റേറ്റ്‌ ആരംഭിച്ചു. ഇംഗ്ളീഷിൽ സ്ഥലപ്പേര്‌ Braemore ആണെങ്കിലും ചില വഴിയടയാളങ്ങളിൽ Brimore എന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്കോട്‌ലൻഡിലെ Braemore എന്ന സ്ഥലത്തെ ഓർമ്മപ്പെടുത്താനുള്ള ബ്രിട്ടീഷ്‌ ഗൃഹാതുരത്വം ആവാം ഇത്തരമൊരു പേരിനെ കടൽ കടത്തി ഈ മലമുകളിലെത്തിച്ചത്‌.

തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്‌ വഴി തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക്‌ നീളുന്ന പാതയിൽ, പാലോട്‌ നിന്നുമാണ്‌ ബ്രൈമൂറിലേക്ക്‌ തിരിയേണ്ടത്‌. ചെറു മലയോര പട്ടണമായ പെരിങ്ങമല കടന്ന്‌ കൊച്ചുകൊച്ചു കയറ്റങ്ങൾ കയറി പോകുമ്പോൾ ഇടയ്ക്ക്‌ അക്കേഷ്യാ മരങ്ങളുടെ തോട്ടങ്ങൾ കാണാം. മങ്കയം എന്ന സ്ഥലത്ത്‌ നിന്നും ശരിക്കുമുള്ള മല കയറ്റം ആരംഭിക്കുന്നു. വനം വകുപ്പിന്റെ ചെക്ക്‌ പോസ്റ്റ്‌ മങ്കയത്തുണ്ട്‌. ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞ്‌ മുന്നോട്ട്‌ പോവുമ്പോഴാണ്‌ മങ്കയം വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും സഞ്ചാരികളെ ആകർഷിച്ചുതുടങ്ങിയിട്ടുണ്ട്‌.
മങ്കയത്തു നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റർ ഹെയർപിൻ കയറ്റങ്ങൾ കയറി എത്തിയാൽ ബ്രൈമൂർ എസ്റ്റേറ്റിന്റെ കവാടമായി. ഒരുകാലത്ത്‌ അനേകം തൊഴിലാളികൾ ഉണ്ടായിരുന്ന ഒരു കൊച്ചു ടൗൺഷിപ്പ്‌ ആയിരുന്ന ഇവിടം ഇപ്പോൾ ആളൊഴിഞ്ഞ മട്ടാണ്‌.

ബ്രൈമൂർ-പൊൻമുടി ട്രെക്കിംഗ്‌
-------------------------------------------------
ബ്രൈമൂർ മുതൽ പൊൻമുടി വരെ ട്രെക്കിംഗ്‌ പാതയുണ്ട്‌. വനം വകുപ്പിന്റെ ഗൈഡുകളുടെ മേൽനോട്ടത്തിൽ ട്രെക്കിംഗ്‌ നടത്തപ്പെടുന്നു. ബ്രൈമൂർ എസ്റ്റേറ്റിന്റെ ഗേറ്റിനു സമീപം ആരംഭിക്കുന്ന ട്രെക്കിംഗ്‌ മൂന്നു മണിക്കൂർ കൊണ്ട്‌ പൊൻമുടിയിലെത്തിച്ചേരുന്നു. ജീപ്പ്‌ പോകുന്ന ചെറുപാത കുറെക്കഴിയുമ്പോൾ വനത്തിലെ നടവഴിയായി മാറുന്നു. അയ്യപ്പക്ഷേത്രമാണ്‌ പോകുന്ന വഴിയിലെ ഒരു ആകർഷണം. ബ്രൈമൂർ തോട്ടത്തിന്റെ അരികിലൂടെയാരംഭിച്ച്‌, വനത്തിന്റെ തണൽ പറ്റി, ആളൊപ്പം വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ മൊട്ടക്കുന്നും കടന്ന്‌ ഈ ഒറ്റയടിപ്പാത പൊൻമുടിയിലെത്തുന്നു. ഒരു `മോഡറേറ്റ്‌ ട്രെക്കിംഗ്‌` വിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്താം.
ബ്രൈമൂറിൽ നിന്നും രാവിലെ ഒൻപത്‌ മണിയോടെ ട്രെക്കിംഗ്‌ ആരംഭിച്ചാലേ പൊൻമുടിയിലെത്തി ഉച്ചഭക്ഷണം കഴിച്ച്‌ വൈകുന്നേരത്തോടെ ബ്രൈമൂറിൽ തിരികെയെത്താൻ കഴിയൂ. സ്വന്തം വാഹനം ബ്രൈമൂറിൽ വച്ചിട്ട്‌ വരാത്തവർക്ക്‌ തിരികെ നടന്ന്‌ മലയിറങ്ങാൻ താൽപര്യമില്ലെങ്കിൽ പൊൻമുടിയിൽ നിന്ന്‌ ബസിൽ കയറി തിരുവനന്തപുരത്തേക്ക്‌ തിരിക്കാം. വേണമെങ്കിൽ പൊൻമുടിയിലെ കെ.റ്റി.ഡി.സി റിസോർട്ടിലോ സർക്കാർ വക ഗസ്റ്റ്‌ ഹൗസിലോ രാപാർക്കാം. മുൻകൂട്ടി ബുക്ക്‌ ചെയ്തിരിക്കണമെന്ന്‌ മാത്രം.
ബ്രൈമൂർ എസ്റ്റേറ്റ്‌
----------------------------
ട്രെക്കിംഗിന്‌ താൽപ്പര്യമില്ലാത്തവർക്ക്‌ ബ്രൈമൂറിലെ സ്വകാര്യ എസ്റ്റേറ്റിനുള്ളിലും കാഴ്ചകളേറെയുണ്ട്‌. ഗേറ്റ്‌ കടന്ന്‌ മുന്നോട്ട്‌ നടക്കുമ്പോൾ വലത്തുവശത്താണ്‌ 1883 ൽ ആരംഭിച്ച തേയില ഫാക്ടറി. കാഴ്ച്ചയിൽ പഴയ പ്രൗഡി ഉണ്ടെങ്കിലും ഇപ്പോൾ ഫാക്ടറി പ്രവർത്തനക്ഷമമല്ല. തൊട്ടടുത്തുള്ള പാലത്തിൽ നിന്നുകൊണ്ട്‌, ഉരുളൻ പാറകളിൽ തട്ടിത്തെറിച്ചൊഴുകുന്ന അരുവിയുടെ സൗന്ദര്യം നോക്കിനിൽക്കാം. ജാതിക്കയും ഇതര വിളകളും ഉണക്കാനിട്ടിരിക്കുന്നതിന്‌ അരികിലൂടെ പഴയ പടവുകൾ കയറി ആളൊഴിഞ്ഞ കാന്റീനിലെത്തി ഒരു കാലിച്ചായ നുകരാം. വർഷങ്ങൾക്ക്‌ മുൻപേ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുകെട്ടിടങ്ങൾക്ക്‌ ചുറ്റും നടന്ന്‌ ചരിത്രം ചികയാം.
ഇതുകൊണ്ടും മതിയാവാത്തവർക്ക്‌ എസ്റ്റേറ്റ്‌ ഓഫീസിൽ നിന്നും അനുവാദം വാങ്ങി, ടാറും കല്ലുകളും ഇടകലർന്ന വഴിയിലൂടെ ബ്രൈമൂറിന്റെ പ്രകൃതിക്കാഴ്ചകളിലേക്ക്‌ മലകയറാം. കാർ, ടെമ്പോ ട്രാവലർ എന്നിവ കയറിപ്പോകാൻ പാകത്തിലാണ്‌ വഴി. വഴിക്കിരുപുറവും തേയിലത്തോട്ടങ്ങളുണ്ട്‌. മാഡം ഫാൾസ്‌ എന്ന വെള്ളച്ചാട്ടമാണ്‌ ഇവിടുത്തെ പ്രധാന ആകർഷണം. അഞ്ച്‌ മിനുട്ട്‌ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. കുളിക്കാനുള്ള സൗകര്യമുണ്ട്‌.
വഴി മുകളിൽ ചെന്നവസാനിക്കുന്നത്‌ മനോഹരമായ ഒരു ബംഗ്ളാവിന്റെ മുന്നിലാണ്‌. 1880 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഈ മന്ദിരം മഞ്ഞച്ചായം പൂശി നിൽപ്പുണ്ട്‌. ചുറ്റും ചെറിയ പൂന്തോട്ടവും. പത്ത്‌ മുറികൾ ഉൾക്കൊള്ളുന്ന ഈ മന്ദിരത്തിൽ എസ്റ്റേറ്റ്‌ അധികൃതർ സന്ദർശകർക്ക്‌ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. ബംഗ്ളാവിനു മുന്നിൽ നിന്നാൽ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകൾ ദൂരെ കാണാം. പിറകുവശത്തെ ചരിവിനു താഴെ മലമടക്കിലൂടെ ഇരമ്പിയാർത്ത്‌ വരുന്ന അരുവിയുടെ ശബ്ദം വ്യക്തമായി കേൾക്കാം. ഭക്ഷണം പാകം ചെയ്ത്‌ കഴിക്കാനും ഇവിടെ സൗകര്യമുണ്ട്‌.
യാത്രാസൗകര്യം: തിരുവനന്തപുരം, പാലോട്‌ എന്നിവിടങ്ങളിൽ നിന്നുമായി കെ.എസ്‌.ആർ.ടി.സി ബസുകൾ ബ്രൈമൂർ വരെ സർവീസ്‌ നടത്തുന്നുണ്ട്‌.
താമസസൗകര്യം: ബ്രൈമൂർ എസ്റ്റേറ്റിലെ ഗസ്റ്റ്‌ ഹൗസിൽ താമസസൗകര്യം ഉണ്ട്‌.
ബന്ധപ്പെടാവുന്ന നമ്പരുകൾ
ബ്രൈമൂർ പൊന്മുടി ട്രെക്കിംഗ്‌: ഫോറസ്റ്റ്‌ റെയിഞ്ച്‌ ഓഫീസ്‌, പാലോട്‌- +91 472 2842122, 8547601002
ട്രെക്കിംഗിൽ ഉച്ചഭക്ഷണത്തിനായി പൊന്മുടി ഗവ.ഗസ്റ്റ്‌ ഹൗസിൽ ബന്ധപ്പെടുക- +914722890230
ബ്രൈമൂർ എസ്റ്റേറ്റിലെ താമസം, ഭക്ഷണം: 8589097042
മുൻകരുതൽ: മങ്കയം ചെക്ക്പോസ്റ്റിൽ വനം വകുപ്പിന്റെ വക പരിശോധനയുണ്ട്‌. ഇനിയും മലിനീകരിക്കപ്പെടാതെ ശേഷിക്കുന്ന ഈ പച്ചപ്പിലേക്ക്‌ വരാൻ താല്പര്യമുള്ളവർ കാടിന്റെ നിയമങ്ങൾ പാലിക്കാൻ തയ്യാറായിരിക്കണം. പ്ളാസ്റ്റിക്‌, മദ്യം എന്നിവ ഒഴിവാക്കുക. പൊൻമുടിയിലേക്കുള്ള ട്രെക്കിംഗ്‌ പാതയുടെ അവസാനഘട്ടത്തിൽ മരങ്ങൾ ദുർലഭമായ പുൽമേടിലൂടെയാണ്‌ യാത്ര. തൻമൂലം കുടിവെള്ളം കയ്യിൽ കരുതുക. മങ്കയം കഴിഞ്ഞ്‌ കടകളൊന്നുമില്ലാത്തതിനാൽ ഭക്ഷണവും കരുതുക. പൊൻമുടിയിലെ ഗവൺമെന്റ്‌ ഗസ്റ്റ്‌ ഹൗസിൽ ഭക്ഷണം ലഭിക്കും. പക്ഷേ ഏറെ അംഗങ്ങളുള്ള സംഘമാണെങ്കിൽ മുൻകൂട്ടി അറിയിക്കുന്നതാണ്‌ നല്ലത്‌. മഴക്കാലത്ത്‌ മങ്കയത്തും എസ്റ്റേറ്റിലെ അരുവിയിലും കുളിക്കാനിറങ്ങുന്നത്‌ സൂക്ഷിച്ചുവേണം.

No comments: