Monday, 7 November 2016

സ്നേഹത്തിന്റെ ഖത്ത

ടിബറ്റൻ പാരമ്പര്യമനുസരിച്ച്‌ വിശേഷ അവസരങ്ങളിലും അതിഥികളെ സ്വീകരിക്കുമ്പോഴും യാത്ര അയക്കുമ്പോഴും അണിയിക്കുന്ന സിൽക്ക്‌  ഷാൾ ആണ്‌ ഖത്ത.. രണ്ടു രാത്രിയും പകലും സ്വന്തം വീടായി മാറിയ ഡോമാസ്‌ ഇൻ വിട്ടുപോരുമ്പോൾ ഖത്ത അണിയിച്ചാണ്‌ ഞങ്ങളെ യാത്രയാക്കിയത്‌....

നേരമിരുട്ടിയാൽ മഞ്ഞിന്റെ മേലാപ്പിനൊപ്പം വന്യതയുടെ മുടുപടവും അണിയുന്ന ഡോമാസ്‌ ഇന്നിൽ കുറച്ചുമാത്രം അതിഥികൾക്ക്‌ താമസിക്കാനുള്ള ഇടമേയുള്ളു.... ചുവപ്പും മഞ്ഞയും ചായങ്ങൾ കടുപ്പം കൂട്ടിയും കുറച്ചും തേച്ചുപിടിപ്പിച്ചിരിക്കുന്ന അകവും പുറവും... .. മസൂറിയിലെ നന്നേ ഇടുങ്ങിയ പാതകളിലെ തിരക്കിൽ നിന്നും പിന്നെയും മുകളിലേക്ക്‌ വരണം ഇവിടെയെത്താൻ..  ടിബറ്റൻ, രാജസ്ഥാൻ മിശ്രപാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്ന ടെൻസിംഗ്‌ നിമയുടേതാണ്‌ ഈ അതിഥിമന്ദിരം......
ഗൃഹാതുരത്വം ഉണർത്തുന്ന പോസ്റ്ററുകൾ ഉൾപ്പെടെ അനേകം വസ്തുക്കൾ മുറികളും ചുവരുകളിലൂമായുണ്ട്‌.. ഭക്ഷണമുറിയിൽ നിന്നുള്ള ഒരു വാതിലിന്റെ മുകളിൽ 'പോസ്റ്റ്‌  ഓഫീസ്‌' എന്ന ബോർഡ്‌ കണ്ടാൽ അത്ഭുതപ്പെടേണ്ട.... ആ വാതിൽ അടുക്കളയിലേക്കുള്ളതാണ്‌... ഉള്ളിൽ മോമോ മുതൽ തുപ്ക വരെയുള്ള ടിബറ്റൻ വിഭവങ്ങൾ തയ്യാറാവുകയായിരിക്കും...

കെട്ടിടത്തിറ്റെ ഒരു ചുവരിനപ്പുറത്തെ വീട്ടിൽ, ഗഡ്‌വാൾ ജീവിതത്തെ തന്റെ എഴുത്തിലൂടെ വായനക്കാരിലെത്തിച്ച വിഖ്യാത സാഹിത്യകാരൻ റസ്കിൻ ബോണ്ട് താമസിക്കുന്നു.

എന്നെങ്കിലുമൊരിക്കൽ വീണ്ടുമിവിടെ എത്തണം എന്ന ചിന്തയോടെ, സ്നേഹവും കരുതലും കൊണ്ട്‌ നെയ്ത ഖത്തയും കൊണ്ട്‌ മലയിറങ്ങി ഡെറാഡൂണിലേക്‌..