Wednesday 21 September 2011

കടൽ കവർന്ന ധനുഷ്കോടിയിലേക്ക്

 തമിഴ്നാടിന്റെ തീരത്ത്‌ രാമേശ്വരവും കഴിഞ്ഞുള്ള ധനുഷ്കോടി മുനമ്പ്‌ 1964 ഡിസംബർ 22 രാത്രി 11.55 ന്‌ കടലിന്റെ ക്രൂരതയറിഞ്ഞു. പട്ടണവും 1800 ൽ പരം ആളുകളും കൊടുങ്കാറ്റിലും കടലാക്രമണത്തിലും തുടച്ചുനീക്കപ്പെട്ടു.




നാവികസേനാ ചെക്‌ പോസ്റ്റിനു മുൻപിൽ ഡ്രൈവർ രാജ്‌ വണ്ടി നിർത്തി. വിശദാംശങ്ങൾ നല്കിയപ്പോൾ പോകാനനുമതി കിട്ടി. പട്ടാളക്കാരുടെ എക്സ്‌റേ കണ്ണുകൾ കടന്ന്‌, കടലോ തീരമോ വഴിയോ എന്ന്‌ തിട്ടപ്പെടുത്താനാവാതെ നീണ്ടുകിടക്കുന്ന പ്രദേശത്തുകൂടി വാഹനം നീങ്ങി. കടൽ വെള്ളം ഉള്ളിലേക്കു കയറിക്കിടക്കുന്ന ഒരു ഭാഗത്ത്‌ അയാൾ ദൂരേക്കു കൈ ചൂണ്ടി.. കല്ലുകൾ അടുക്കി വെച്ചപോലെ, വെള്ളത്തിലൂടെ രണ്ട്‌ സമാന്തര രേഖകൾ. ധനുഷ്കോടി പട്ടണത്തിലേക്കുള്ള റെയിൽപ്പാതയുടെ അവശിഷ്ടങ്ങൾ. ധനുഷ്കോടിയിലേക്കു വന്ന ട്രെയിനും 115 യാത്രക്കാരും കടലാക്രമണത്തിൽപ്പെട്ടത്‌ ഇവിടെവെച്ചാണ്‌​.


ഉപ്പുവെള്ളം നിറഞ്ഞ ചെറിയ കുഴികളിൽ തവളച്ചാട്ടം ചാടി ജീപ്പ്‌ ഒരു മുൾപ്പടർപ്പിനുള്ളിലേക്കു കയറി. വള്ളിത്തലപ്പുകൾ നിഴൽ വിരിച്ച ചെറുവഴിയിൽ രാജ്‌ വണ്ടി നിർത്തി. ഇടത്ത്‌ ഒരു ഒറ്റനില കരിങ്കൽ ക്കെടിടത്തിന്റെ അസ്ഥിപഞ്ജരം. കാട്ടുചെടികളും ഇരുട്ടും വേരുകളാഴ്ത്തിയ ഭിത്തികൾ ചൂണ്ടി രാജ്‌ പറഞ്ഞു "ഇതായിരുന്നു ധനുഷ്കോടി റെയിൽവേ സ്റ്റഷൻ" ഭയം വിടർന്ന നിമിഷങ്ങൾ. കാമറയുമായി വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങണമെന്നു ചിന്തിച്ചെങ്കിലും കാലുകൾക്കു കനം വെച്ചു.
രാത്രിവണ്ടിക്കായി പച്ചവിളക്കും തെളിച്ച്‌ കാത്തിരുന്ന തീവണ്ടിയാപ്പീസ്‌.... പ്ളാറ്റ്ഫോമിന്റെ സ്വസ്ഥതയിലേക്കു വന്നു വിശ്രമിക്കാൻ ചൂളം കുത്തി വന്ന തീവണ്ടി പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. മധുരയിൽ നിന്നും തിരിച്ച്‌ രാമേശ്വരവും പിന്നിട്ട്‌ അവസാന കേന്ദ്രത്തിലേക്ക്‌ കുതിച്ച സ്വപ്നത്തുടിപ്പുകൾക്ക്‌ കടൽ പൂർണവിരാമമിട്ടു.




ആലസ്യത്തിലേക്ക്‌ കനം വെച്ച മിഴിയടപ്പുകൾ.. ഉറങ്ങാതെ പ്രണയികൾ.. സ്റ്റേഷന്റെ വെളിച്ച്ത്തിലേക്ക്‌ വിടരുന്ന കണ്ണുകൾ... വാഷ്ബേസിനു മുന്നിലെ തിരക്ക്‌...
ഇരമ്പിയാർക്കുന്ന കടൽ...
ശാന്തം....വർണങ്ങൾക്കുമേൽ മണൽ കോരിയെറിഞ്ഞ്‌ കടൽ തിരികെ സ്ഥായീഭാവത്തിലേക്ക്‌..




എല്ലം അമ്മാനമാടിത്തകർക്കാൻ സമുദ്രത്തിന്‌ നിമിഷനേരമേ വേണ്ടിവന്നുള്ളൂ....




മുന്നോട്ടുള്ള യാത്രയിൽ മണൽക്കൂനകൾ. ഒരാൾ പൊക്കത്തിലുള്ള ഇവയ്ക്ക്‌ മിനിയേച്ചർ ചമ്പലിന്റെ ഭാവം. ഒറ്റപ്പെട്ടു നിൽക്കുന്ന മറ്റൊരു കെട്ടിടം. കത്തുകളും തപാല്ക്കാരനുമൊഴിഞ്ഞ ധനുഷ്കോടി പോസ്റ്റോഫീസ്‌. പ്രേതനഗരത്തിന്റെ മുഖ്യഭാഗത്ത്‌ ഉയർന്നു നിൽക്കുന്ന ഒരു പള്ളി. മേൽക്കൂരയില്ല. നാലുചുവരുകൾ മാത്രം. അമ്പതുപർക്കെങ്കിലും കയറിനില്ക്കാനിടമുണ്ട്‌. കരിങ്കല്ലിന്റെ വശിഷ്ടങ്ങൾ ഇനിയെത്രനാൾ കാറ്റിനെയും കടലിനെയും പ്രധിരോധിക്കുമെന്നറിയില്ല.




സമീപത്ത്‌ കടകളും ആശുപത്രിയും ഹയർ സെക്കൻഡറി സ്കൂളും ഇതര ഓഫീസുകളും നിർജീവനിലയിലുണ്ട്‌. പലതിന്റെയും ഭിത്തികളിലെ ദ്വാരങ്ങൾക്ക്‌ കാലത്തിനനുസരിച്ച്‌ വലുപ്പം കൂടിവരുന്നു. അധികം ദൂരത്തല്ലാതെ റെയിൽവേയുടെ ഇടിഞ്ഞുപൊളിഞ്ഞ കുടിവെള്ളസംഭരണി. ടാങ്കിനോളം ഉയരത്തിൽ വള്ളിച്ചെടികൾ.






ഞങ്ങളുടെ പാതയ്ക്കു കുറുകെ ഒരു റോഡ്‌. ടാറിന്റെ അവശിഷ്ടങ്ങൾ ഇനിയും നഷ്ടപ്പെടാത്ത ആ വഴി ധനുഷ്കോടി ഹാർബറിലേക്കുള്ളതാണ്‌. ദിനം പ്രതി ശ്രീലങ്കയിലേക്ക്‌ ഇവിടെ നിന്നും ചെറുകപ്പലുകൾ സർവീസ്‌ നടത്തിയിരുന്നു. ചിക്കാഗോ സമ്മേളനത്തിൽ പങ്കെടുത്ത്‌ ശ്രീലങ്ക വഴി മടങ്ങിയ സ്വാമി വിവേകാനന്ദൻ കപ്പലിറങ്ങിയത്‌ ഈ തുറമുഖത്താണ്‌. കസ്റ്റംസ്‌, തുറമുഖ ഓഫീസുകളും തുറമുഖത്തോടൊപ്പം കടലെടുത്തു.


കുറേ ഓലക്കുടിലുകൾ പഴയ പട്ടണത്തിനു സമീപമായുണ്ട്‌. അടുത്ത കാലത്ത്‌ ധനുഷ്കോടിയിലേക്കു കുടിയേറിയവർ. വൈദ്യുതി, തപാൽ, വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ ആധുനികയുഗം കൈവിട്ട ഗ്രാമത്തിൽ ഈ മുക്കുവക്കുടുംബങ്ങൾ ജീവിക്കുന്നു.... ജീവിതത്തെ കടലിനും വിധിക്കും വിട്ട്‌...കടലോളം സ്വപ്നങ്ങളുമായി..