Monday 2 January 2017

ഗംഗയുടെ കൂടെ ഒരു ദിവസം


രാത്രി പതിനൊന്നരയ്ക്കുള്ള ഋഷികേശ് ബസിന് പോവാൻ ഡൽഹിയിലെ കഷ്മീരി ഗേറ്റിലുള്ള ഇന്റർ സ്റ്റേറ്റ്‌ ബസ്‌ ടെർമിനലിലേക്ക്‌ ഞങ്ങൾ ആറുപേരും എത്തി. സ്കാനറിലൂടെ നീങ്ങിയെത്തിയ ലഗ്ഗേജും തൂക്കി ഉത്തരാഖണ്ഡിനുള്ള ബസുകൾ കിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക്‌. വണ്ടി നീങ്ങിത്തുടങ്ങിയതോടെ രാത്രിക്കാഴ്ചകളെ ഉറക്കം അപഹരിച്ചെടുത്തു. കണ്ണുതുറന്നത്‌ നാലരയ്ക്ക് ഹരിദ്വാറിൽ ആളിറങ്ങാനായി വണ്ടി നിർത്തിയപ്പോൾ. നേരം വെളുക്കുന്നതിനു മുൻപേ തന്നെ ബസ് ഋഷികേശിലെത്തി.

ലക്ഷ്മൺ ഝൂലയിലേക്ക്‌ ഇവിടെ നിന്നും ഇനിയും പോവണം. ആളൊഴിഞ്ഞ ബസ് സ്റ്റാൻഡിന് പുറത്ത് ഷെയർ ഓട്ടോകൾ നിരന്നു കിടക്കുന്നു. ആറു മുതൽ എട്ടു പേരെ വരെ കയറ്റിക്കൊണ്ടുപോകാവുന്ന രീതിയിൽ ഓട്ടോകൾക്ക്‌ രൂപമാറ്റം വരുത്തിയിട്ടുണ്ട്‌. നൂറ്റമ്പത്‌ രൂപയ്ക്ക്‌ പറഞ്ഞുറപ്പിച്ച്‌ ഓട്ടോയിൽ കയറി. ഇരുട്ട്‌ നീങ്ങിയപ്പോൾ വഴിക്കെവിടെയോ മുതൽ ഗംഗയും കൂട്ടിനുണ്ടെന്നു മനസിലായി. ദേവപ്രയാഗിലേക്കും അതുവഴി ബദരിനാഥിലേക്കുമൊക്കെ നീളുന്ന റോഡാണിത്. റോഡിനും നദിക്കും ഇടയിൽ നിരവധി ആശ്രമങ്ങൾ. ഉയർന്നുപോകുന്ന വഴിയിലൊരിടത്ത്‌ വണ്ടി നിർത്തി.
ലക്ഷ്മൺ ഝൂല
------------------------
ഓട്ടോ നിർത്തിയിടത്തു നിന്നും ഇറക്കമിറങ്ങി അരക്കലോമീറ്ററോളം നടന്ന് ലക്ഷ്മൺ ഝൂലയ്ക്ക് അടുത്തെത്തി. നാനൂറ്റമ്പത് അടി നീളത്തിൽ ഗംഗാനദിക്ക് കുറുകെ കെട്ടിയിരിക്കുന്ന തൂക്കുപാലത്തെയാണ്‌ ലക്ഷ്മൺ ഝൂല എന്നു വിളിക്കുന്നത്. ചണം കൊണ്ടുണ്ടാക്കിയ വടത്തിലൂടെ ലക്ഷ്മണൻ ഇവിടെ വച്ച് ഗംഗാനദി കടന്നു എന്ന് ഐതിഹ്യം. ഇപ്പോഴത്തെ പാലം 1929 ൽ പണികഴിപ്പിച്ചതാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ്. സ്ഥിരം യാത്രാസുഹൃത്തുക്കളോടൊപ്പമുള്ള ഇത്തവണത്തെ വാർഷിക സഞ്ചാരം ഉത്തരാഖണ്ഡിലേക്കാക്കി. നദിക്കക്കരെയാണ് ഇന്ന് തങ്ങാനുള്ള ശിവശക്തി ഹോസ്റ്റൽ. ഗസ്റ്റ് ഹൗസെന്നും ഹോസ്റ്റലെന്നും ഒക്കെ ശിവശക്തിയെ വിളിക്കാം. ബാഗും കാമറയും തൂക്കി ലക്ഷ്മൺ ഝൂലയിലൂടെ നടന്നു തുടങ്ങി. കാൽനടയാത്രക്കാർക്കുള്ളതാണീ പാലം. എതിരേ ചിലപ്പോൾ ബൈക്കുകളും മണൽ ചാക്കുകൾ ചുമന്നു കോവർ കഴുതകളും വരുന്നുണ്ട്. കോവർ കഴുതകൾ അടുത്തെത്തിയപ്പോൾ ചിവിട്ട് കിട്ടാതിരിക്കാൻ പാലത്തിന്റെ കൈവരിയോട് ചേർന്നു നിന്നുകൊടുത്തു. നല്ല കാറ്റുണ്ട് പാലത്തിൽ. നദിയുടെ മധ്യഭാഗത്തെത്തിയപ്പോഴേക്കും കാറ്റിന്റെ ശക്തി കൂടിവന്നു. ഭാരവും ചുമന്ന് നടക്കുന്നത് ബുദ്ധിമുട്ടായി. താഴെ കുത്തിയൊലിച്ചുപായുന്ന ഗംഗ. നേരെനോക്കി ഒരു നടത്തം.
ഗംഗയിലേക്ക്
--------------------
ഹോട്ടലിലെത്തി ബാഗെല്ലാം വച്ചശേഷം ഗംഗാതീരം തേടിയിറങ്ങി. ഓംകാരാനന്ദ ക്ഷേത്രം പിന്നിട്ട്‌ മുന്നോട്ടു നടന്നപ്പോൾ ചെറിയൊരു വഴി കണ്ടു. രണ്ടു കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴി അവസാനിച്ചത്‌ നദിയിലേക്ക്‌ നയിക്കുന്ന വിശാലമായ പടവുകളിലേക്കാണ്‌. കുളിക്കാനായി വിരലിലെണ്ണാവുന്നവർ മാത്രം. ജലത്തിൽ മുങ്ങിക്കിടക്കുന്ന പടികളിലേക്ക്‌ കാലെടുത്തുവച്ചു. പിടിക്കാൻ ഇരുമ്പുകുറ്റികളിൽ ചങ്ങലകൾ ഉറപ്പിച്ചിട്ടുണ്ട്. ചങ്ങലയിൽപ്പിടിച്ച് പലവട്ടം മുങ്ങി താണു. വെള്ളത്തിലാഴ്ന്ന പടവുകളിൽ നിന്നു വീണ്ടും താഴേക്ക് കാൽ വെച്ചപ്പോൾ മനസിലായി, അടുത്ത കാൽ വയ്പ്പ്‌ നന്നേ ആഴത്തിലേക്കാണ്‌. വെറുതെയല്ല ചങ്ങല പലയിടത്തും ഉറപ്പിച്ചിരിക്കുന്നത്‌. ഒരു ജലസമാധി തല്ക്കാലം അജൻഡയിലില്ലാത്തതിനാൽ പിന്നെ പരീക്ഷണത്തിനൊന്നും പോയില്ല. തണുത്ത വെള്ളത്തിൽ മതിയാവോളം ചെലവഴിച്ചു.

ശിവശക്തി ഹോട്ടലിൽ പതിച്ചിരുന്ന നോട്ടീസിൽ ജിൽമിൽ ഗുഹയിലേക്കുള്ള ട്രെക്കിംഗ്, നീലകണ്ഠ മഹാദേവ ക്ഷേത്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടപ്പോഴാണ് ഇന്നത്തെ യാത്ര അങ്ങോട്ടേക്കാവാമെന്നു വെച്ചത്. ഒരു ബൊലേറോയിലായി യാത്ര. ദേവപ്രയാഗിലേക്ക് നീളുന്ന വഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് വണ്ടി ഒരു പാലം കടന്നു. ഗംഗ ഇപ്പോൾ ഞങ്ങൾക്ക് ഇടതു വശത്താണ്. താഴെ നദീതീരം വളരെ വിശാലമാണ്. നദിയുടെ വീതിയേക്കാൾ അനേകം മടങ്ങായി പരന്നുകിടക്കുന്ന മണൽപ്പരപ്പ്. പല ഭാഗങ്ങളും കൃഷിയിടങ്ങൾ, ചെറുവീടുകൾ, ടെന്റുകൾ, റാഫ്റ്റിംഗ്‌ കേന്ദ്രങ്ങൾ എന്നിവയൊക്കെയായി മാറിയിട്ടുണ്ട്‌. ടെന്റുകൾ യാത്രികർക്ക് തങ്ങാനുള്ളതാണെങ്കിലും സാധാരണ സ്ലീപ്പിംഗ് ടെന്റുകളല്ല. വേലികളാൽ വേർതിരിക്കപ്പെട്ട് നിരയായി സ്ഥാപിച്ചിരിക്കുന്ന ഇവ ശരിക്കും റിസോർട്ടുകൾ തന്നെയാണ്‌. നദിയോട് വിട പറഞ്ഞ് വഴി മലകൾക്കിടയിലൂടെ ഉയർന്നു പോവുന്നു. അങ്ങിങ്ങ് മലയിടിഞ്ഞ് വഴിയിലേക്ക് വീണുകിടപ്പുണ്ട്.

രാവിലത്തെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഏതാണ്ടൊരു തീരുമാനമായി. ഒരു ധാബ എങ്ങും കാണുന്നില്ലെന്നതോ പോവട്ടെ, മനുഷ്യരെ കാണുന്നതുപോലും അപൂർവമായി. നാട്ടിൽ നിന്നും കൂടെപ്പോന്ന ശർക്കരവരട്ടിയുടെ പാക്കറ്റിനെ കൂട്ടത്തിലാരോ ബാഗിൽ നിന്നും തട്ടിയെടുത്തു. അഞ്ച് മിനുട്ടോളം കൂട്ട ആക്രമണത്തിനു വിധേയമായതിനു ശേഷം ബാഗിലേക്ക് തിരികെക്കയറിയത് ഒഴിഞ്ഞ പ്ലാസ്റ്റിക് കൂട് മാത്രമായിരുന്നു.
ജിൽമിൽ ഗുഹയിലേക്ക്
------------------------------------
ജിൽമിൽ ഗുഹയിലേക്ക് വഴികാട്ടുന്ന ബോർഡ് കണ്ടിടത്ത് ഡ്രൈവർ വണ്ടി നിർത്തി. ഇനി മൂന്ന് കിലോമീറ്ററെങ്കിലും നടപ്പുണ്ടത്രേ. വീതി കുറഞ്ഞ നടപ്പാതയ്ക്കിരുവശവും ഒരു നൂറുമീറ്ററോളം ദൂരം പച്ചക്കറി കൃഷിയിടങ്ങളുണ്ട്. പിന്നെ കാടാണ്. ഒറ്റയടിപ്പാതയിലൂടെ നടപ്പ് നീണ്ടു. രണ്ടോ മൂന്നോ ചെറിയ ഒഴിഞ്ഞ കടകൾ ഉള്ളയിടത്തെത്തി. അവിടെ നിന്നും ദൂരെ താഴ്‌വരയിൽ ഋഷികേശ് പട്ടണത്തിന്റെയും ഗംഗയുടെയും മങ്ങിയ കാഴ്ച്ച. ഗുഹയിലേക്ക് ഇനി ഒരു കിലോമീറ്റർ എന്ന ബോർഡ് അടുത്തത്തൊരു മരത്തിൽ തൂങ്ങുന്നു. കറിവേപ്പ്, ആടലോടകം, ശതാവരി, കോഴിച്ചീര എന്നിങ്ങനെ നാട്ടിൽ നിന്നും ഒളിച്ചോടിയ പല ചെടികളേയും ഇവിടുത്തെ കാട്ടുവഴികളിൽ കണ്ടു. കുന്നിൻ ചരുവിലെ കുഞ്ഞ് ഇറക്കങ്ങളും കയറ്റങ്ങളും പിന്നിടുന്ന വഴിക്കരികിൽ, മാസങ്ങൾക്ക് മുന്പ് കച്ചവടം നടന്നതെന്ന് തോന്നിപ്പിക്കുന്ന ചെറുകടകളുടെ ശേഷിപ്പുകൾ മേൽക്കൂര പൊളിഞ്ഞ് നിൽക്കുന്നു.

ഗുഹയ്ക്കടുത്തെത്തി. ഗുഹാക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിനടുത്ത്, ക്ഷേത്രത്തിൽ അർപ്പിക്കാനുള്ള പൂക്കൾ വിൽക്കാനായി ഒരു ചേച്ചി നിൽപ്പുണ്ട്. ഗുഹയിൽ ഒരു സ്വാമി തപസിലാണ്. സന്ദർശകരോ ഭക്തരോ ആയി കുറച്ചു പേർ മാത്രം. ഇടതുവശത്ത് ഒരു കോൺക്രീറ്റ് മുറിയിൽ രണ്ടുപേർ ഉരുളക്കിഴങ്ങ് വേവിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉച്ചയ്ക്കുള്ള ഭക്തരെ പ്രതീക്ഷിച്ചാവാം. പണ്ട് ജിൽമിൽ എന്ന സന്യാസി തപസ്സിരുന്നത് കാരണമാണത്രേ ഗുഹയ്ക്ക് ഈ പേരുണ്ടായത്. ഒരു വശത്ത്‌ ഒരാൾക്കു മാത്രം കഷ്ടിച്ച് കടന്നിരിക്കാൻ പാകത്തിലുള്ള വേറൊരു ചെറു ഗുഹയുണ്ട്. അതിനകത്തെ ഇരുട്ടും പുകയും മാറി ഒന്നു തെളിഞ്ഞു വന്നപ്പോൾ ഒരു യുവകോമളൻ സന്യാസിയാണുള്ളിൽ എന്നു മനസിലായി.

രണ്ട് സ്വാമിമാർ മാറിയിരുന്ന് തിരക്കിട്ട പുകവലിയിലാണ്. ഇവർ ഇവിടുത്തെ ഒറിജിനൽ സന്യാസിമാരുടെ കൂട്ടത്തിൽപ്പെടുമോ എന്ന് സംശയം തോന്നി. ഭക്തിമാർഗ്ഗം എനിക്കത്ര പിടിയില്ലാത്ത വിഷയമായതിനാൽ ചോദ്യങ്ങൾക്കുത്തരം ആലോചിച്ച് മെനക്കെടാൻ പോയില്ല. ഗുഹയുടെ മുകൾത്തട്ടിലെ ദ്വാരത്തിലൂടെയെത്തിയ വെളിച്ചവും സ്വാമി ഉയർത്തിവിട്ട പുകയും ക്യാമറക്കണ്ണുകൾ തുറപ്പിച്ചു. മരച്ചില്ലകളിൽ കുരങ്ങന്മാരുടെ സർക്കസ് സമ്മേളനം.

തിരികെ പടിയിറങ്ങി ചേച്ചിയുടെ അടുത്തെത്തി. ഞങ്ങൾ നീട്ടിയ തുക അവർ സ്നേഹപൂർവ്വം നിരസിച്ചു. അവരോട് ചായ വാങ്ങിക്കുടിച്ച് ക്ഷീണം തീർത്തു. വലുപ്പത്തിൽ കുറിയവനെങ്കിലും കടുപ്പത്തിൽ കേമനായ വടക്കേ ഇന്ത്യൻ ചായയോട് ഒരു എനിക്ക് ഒരിഷ്ടക്കൂടുതലുണ്ട്. പുതിയ സ്ഥലങ്ങളിലെത്തിയാൽ കാപ്പിയല്ല ചായയാണ് കുടിക്കേണ്ടതെന്ന് കൂട്ടത്തിലുള്ള ഗഫൂർ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. കാരണം ചായയുടെ രുചിയും കടുപ്പവും, പാൽ-വെള്ള-തേയില മേളനവും സ്ഥലഭേദമനുസരിച്ച് വ്യത്യസ്തമാണ്. കശ്മീരിലെ കാവയും നാട്ടിൻപുറത്തെ കട്ടൻ ചായയും പരസ്പരം പകരക്കാരാവില്ലല്ലോ. തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ, വൻ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന `സൗരാഷ്ട്ര ഹോട്ടൽ` എന്ന ഗുജറാത്തിക്കടയിലെ മസാല ചായയോടും, കഴക്കൂട്ടം പോലിസ് സ്റ്റേഷന് എതിർവശത്തുള്ള പേരില്ലാ ചായക്കടയിലെ ‘സ്പെഷ്യൽ ടീ’ യോടും മൽസരിച്ച് മുന്നിലെത്താൻ വേറേ ചായകളുണ്ടാവാം പക്ഷേ അതേ രുചി തന്നെ നൽകാൻ മറ്റൊന്നിനും പറ്റൂല്ലാ. കൊഡൈക്കനാലിലെ ലില്ലിവാലി റിസോർട്ടിൽ പാലു തിളപ്പിച്ച് കുറുക്കിക്കുറുക്കി കൊതിപ്പിച്ച ചായകൾ ഇപ്പോഴും അവിടെ കിട്ടുമോ ആവോ?

ചായാനന്തരം ചേച്ചി ഗണേശ് ഗുഫയേക്കുറിച്ച് (നമ്മുടെ ‘ഗുഹ’ ഹിന്ദിയിലെത്തിയാൽ ‘ഗുഫ’യായി മാറും) പറഞ്ഞു. ഒരു കിലോമീറ്റർ കൂടി നടന്നാൽ മതിയത്രേ. മലയുടെ അപ്പുറത്തെ ചരിവ് വരെ ചെന്നെത്തിയ ഞങ്ങളെ ‘ഗുഫ’ നിരാശപ്പെടുത്തിക്കളഞ്ഞു. പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു ചെറിയ ഗുഹ കോൺക്രീറ്റ് മുറിയാക്കി മാറ്റിയിരിക്കുന്നു. കാട്ടിനുള്ളിൽ കണ്ട നെല്ലിമരത്തിൽ നിന്നും കിട്ടാവുന്നത്ര നെല്ലിക്കയും പറിച്ച്, വന്ന വഴിയിലൂടെ തിരികെ വണ്ടിക്കടുത്തേക്ക്.
നീലകണ്ഠ മഹാദേവ ക്ഷേത്രം
-------------------------------
ഇനി യാത്ര നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലേക്ക്. പരമശിവൻ കാളകൂട വിഷം വിഴുങ്ങിയതും പാർവതി ശിവന്റെ കണ്ഠം അമർത്തിപ്പിടിച്ച് അതു തടഞ്ഞതും ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിൽ സാമാന്യം തിരക്കുണ്ട്.
മലയിടുക്കിലൂടെ ഒഴുകി വരുന്ന ഒരരുവി കോൺക്രീറ്റ്‌ കാടുകൾക്കിടയിൽ ഞെരുങ്ങി താഴ്‌വരയിലേക്ക്‌ ചിതറിത്തെറിക്കുന്നു. റോഡരികിൽ നിന്നും അരുവിയിലേകുള്ള ചരിവിൽ ഒരു ഭാഗം പ്ളാസ്റ്റിക്‌ മാലിന്യങ്ങൾ കയ്യടക്കിയിരികുന്ന. തൊട്ടരികിൽ കൃഷിയിടവും.
ഗംഗയെന്ന പെൺകുട്ടി
------------------------
മലകളിറങ്ങിയ വഴി വീണ്ടും നദിക്കടുത്തെത്തി. ഗരുഡ് ചട്ടി വെള്ളച്ചാട്ടം കാണാനുള്ള നടപ്പ് തുടങ്ങുന്നിടത്ത് വണ്ടി നിന്നു. കാട്ടിലൂടെ നൂലുപോലെ ഒഴുകി വരുന്ന നീർച്ചാൽ കണ്ടപ്പോഴേ വെള്ളച്ചാട്ടത്തിൽ വെള്ളം പേരിനു പോലും ഉണ്ടാവില്ല എന്നു മനസിലായി. പിന്നൊന്നും നോക്കിയില്ല, റോഡിന്റെ വലതു വശത്ത്‌ കണ്ട കുത്തനെയുള്ള ഇടവഴിയിലൂടെ ഗംഗാ നദി ലക്ഷ്യമാക്കി ഞങ്ങളിറങ്ങി. എങ്ങും വലിയ ഉരുളൻ പാറകളാണ്. ഒന്നിൽ നിന്നൊന്നിലേക്ക് ചാടി നദിക്കരികിലേക്ക്‌. വെള്ളത്തിൽ പാതി മുങ്ങിനിന്ന പാറകളിലൊന്നിൽ കയറി. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ തകർത്തൊഴുകുന്ന ഗംഗാനദി. ആർത്തലച്ച് വരുന്ന നദിയുടെ ഇരമ്പം, കാഴ്ച്ച പോലെ തന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിൽ ഗംഗയെ ഏറ്റവും ഉല്ലാസവതിയായി കണ്ടത് ഇവിടെവച്ചായിരുന്നു. വിഷദ്രവം കുഴലുകളിൽ നിറച്ച് കാത്തിരിക്കുന്ന നഗരങ്ങളാൽ ഉടലും ഹൃദയവും മാനവും പങ്കുവയ്ക്കപ്പെടുന്നതിനു തൊട്ടുമുൻപ്, സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന ഗംഗ എന്ന പെൺകുട്ടി.

സന്ധ്യയോടടുക്കുന്നു. ഇനി തിരികെ ഋഷികേശ് വഴി ഹരിദ്വാറിലെത്തണം. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടമായാണ് ഹരിദ്വാർ കണക്കാക്കപ്പെടുന്നത്. ഹർ കി പൗരി മാത്രമാണ്‌ ഹരിദ്വാറിൽ ഇത്തവണ ലക്ഷ്യം. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉള്ള നഗരത്തിൽ ചെലവഴിക്കാൻ ഈ യാത്രയിലുള്ളത് ഏകദേശം മൂന്നു മണിക്കൂർ മാത്രം. കാഴ്ചയുടെ നേട്ടവും കാണാനാവാത്തതിന്റെ നഷ്ടവും ഇടകലർന്നതാണ്‌ എല്ലാ സഞ്ചാരങ്ങളും.
ഹർ കി പൗരി
----------------------
ഹർ കി പൗരിയിലേക്കു വഴിക്കിരുപുറവുമുള്ള കടകളിൽ കച്ചവടം പൊടി പൊടിക്കുന്നു. ഗംഗാജലം കൊണ്ടുപോകാനുള്ള കുപ്പികളും കന്നാസുകളും വിവിധ വലിപ്പത്തിലും നിറങ്ങളിലും നിരയായി എവിടെയും കാണാം. കനാൽ ഉണ്ടാക്കിയാണ്‌ ഹർ കി പൗരി യിലേക്ക് ഗംഗയെ വഴിതിരിച്ചു വിട്ടിരിക്കുന്നത്. ഏറെ പവിത്രമായി കണക്കാപ്പെടുന്ന ബ്രഹ്മകുണ്ട് സ്നാനഘട്ടം ഇവിടെയാണ്. കുംഭമേളക്കാലത്ത് ദിനംപ്രതി ലക്ഷക്കണക്കിനാളുകൾ ഇങ്ങോട്ട് ഒഴുകിയെത്തും. നെടുകെയും കുറുകെയും നിരവധി പാലങ്ങൾ. നടപ്പാലം കടന്ന്‌ പടിക്കെട്ടുകൾക്കടുത്തെത്തി. ആരതി ഒഴുക്കാനായി കടവുകളിൽ നല്ല ആൾക്കൂട്ടം. വെളിച്ചത്തിന്റെ ചെറു കഷണങ്ങൾ നദിയിലൂടെയൊഴുകുന്നു.

ഗംഗാ ആരതി ദൗത്യം ഞങ്ങളെല്ലാവർക്കും വേണ്ടി ഒരാൾ നിർവഹിച്ചാൽ മതി എന്ന് തീരുമാനിച്ചു. പൂക്കൾ നിറച്ച ഇലക്കുമ്പിളിൽ ചെറുതിരിയുമായി അജിത് പടവുകളിറങ്ങി. ഉടനെ പുറകിൽ ഒരു ഗ്ളാസിൽ `ദസ്‌ റുപ്പയാ കാ` പാൽ കൊണ്ട്‌ ഒരുത്തൻ. പാലഭിഷേകം നടത്തിയാലേ ആരതിക്ക്‌ പ്രയോജനം ഉണ്ടാവു എന്നയാൾ. ‘വോ വേണ്ട’ എന്ന് ഞങ്ങളും. പണ്ട്‌ താജിന്റെ കവാടത്തിൽ വച്ച്‌, `ഗൈഡിനെക്കൂടാതെ നിങ്ങൾക്ക്‌ താജിനകത്തേക്ക്‌ കടക്കാനാവില്ല` എന്ന്‌ പറഞ്ഞ ചെക്കനെ ഞാനോർത്തു. തർക്കത്തിനൊടുവിൽ പാൽക്കാരൻ അടുത്ത ഇരയെ തേടിപ്പോയി. ഗംഗയ്ക്ക് ഞങ്ങളുടെ വക സ്നേഹത്തിരി.

തിരക്കൊഴിഞ്ഞു തുടങ്ങി. തീരത്തുകൂടെ വെറുതെ നടന്നു. പിതൃതർപ്പണം ചെയ്യാൻ പ്രത്യേകം കടവ്‌ ഒരുക്കിയിരിക്കുന്നു. വഴിയോരക്കടകളിലെ വെട്ടങ്ങൾ അണഞ്ഞുതുടങ്ങി. വഴിവിളക്കിന്റെ ചോട്ടിൽ, ഒരു സാധു അനുസരണമില്ലാത്ത ഒരു നായ്ക്കുട്ടിയെ ചേർത്തുകിടത്തി ലാളിക്കാൻ ശ്രമിക്കുന്നു.
നവരാത്രിയുടെ നിറങ്ങൾ
---------------------------------------
ഇനിയും കാണാനേറെ ഹരിദ്വാറിൽ ബാക്കി വച്ച്‌ തിരികെ ലക്ഷ്മൺ ഝുലയിലെത്തി. നവരാത്രി ആഘോഷങ്ങൾക്കായി വഴിയരികിൽ ഉയർന്ന പന്തലിൽ ഡാൻസ്‌ തകൃതിയായി നടക്കുന്നു. കൂട്ടത്തിൽ നാട്ടുകാരുണ്ട്‌, ഇതര സംസ്ഥാനക്കാരുണ്ട്‌, വിദേശികളുണ്ട്‌. ബോളിവുഡ്‌ ദ്രുതസംഗീതത്തോടൊപ്പം ചടുലചലനങ്ങളുടെ കാഴ്ച്ചയും കൂടിയായപ്പോൾ കൈക്കും കാലിനും അനക്കം വെച്ചു. ആളും ആഘോഷവും ഒഴിയും വരെ അവിടെ.
കാഴ്ച്ചകൾ കണ്ടുകൊണ്ടു നിന്ന വെള്ള വേഷം ധരിച്ച ഒരു സായിപ്പിനെ കണ്ടപ്പോൾ ടിവി യിൽ എപ്പോഴോ കണ്ട ഒരു ഇംഗ്ളീഷ് സ്ംഗീതജ്ഞന്റെ ഛായ. സംശയം തീർക്കാൻ അടുത്തു ചെന്നു. ഞങ്ങൾക്ക് തെറ്റി. പിയാഷേ എന്ന ഒരു പാവം ഫ്രഞ്ചുകാരൻ. യോഗയിൽ തൽപ്പരൻ. ഋഷികേശിലെ നിത്യസഞ്ചാരിയാണ്.
1968 ൽ യോഗ പഠനത്തിനായി ബീറ്റിൽസ്‌ സംഘത്തോടൊപ്പം ജോർജ്ജ്‌ ഹാരിസൺ റിഷികേശിലെത്തിയതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുതുടങ്ങി. മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിലെ താമസത്തിനിടയിൽ നിരവധി ഗാനങ്ങൾ ബീറ്റിൽസ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. യോഗയുടെ ലോക തലസ്ഥാനം എന്ന പേരിൽ ഇപ്പോൾ ഋഷികേശ് അറിയപ്പെടുന്നു.

വീണ്ടും ഗംഗയിലേക്ക്
----------------------------------
അടയ്ക്കാൻ തുടങ്ങുന്ന ഹോട്ടലുകളിൽ ഒന്നിൽ നിന്ന് രാത്രിഭക്ഷണം കഴിച്ച്‌ ലക്ഷ്മൺ ഝൂലയിലൂടെ വീണ്ടും ഗംഗയ്ക്ക്‌ കുറുകെ. തൂക്കുപാലത്തിൽ അവിടവിടെയായി ചില വിദേശികൾ കൈവരിയോട്‌ ചേർന്നു നിന്ന്‌ വർത്തമാനം പറയുന്നതൊഴിച്ചാൽ ആളൊഴിഞ്ഞു കിടക്കുന്നു. ഒഴുക്കിന്റെ ദിശയിൽ പാലത്തിനു കുറുകെ കാറ്റ് അപ്പോഴും വീശിക്കൊണ്ടേയിരുന്നു. ശിവശക്തിയിലെത്തിയപ്പോൾ രാവിന്റെ പാതി കഴിഞ്ഞിരുന്നു. റിസപ്ഷൻ ഹാളിന്‌ ഉറക്കം വച്ചിട്ടില്ല. മുറിയിലേക്ക് കയറാതെ തിരികെയിറങ്ങി രാവിലെ പോയ കുളിക്കടവിലേക്ക് നടന്നു. ഇടുങ്ങിയ വഴിയിലൂടെ മൊബൈൽ വെട്ടത്തിൽ പടിക്കെട്ടിലെത്തി. ദൂരെ മാറി മൂന്നു പേർ ഇരിപ്പുണ്ട്‌. തണുത്ത കാറ്റത്ത്, പട്ടണത്തിൽ നിന്നും നദിയിലേക്ക് വീഴുന്ന വെളിച്ചങ്ങളും കണ്ടുകൊണ്ട് ഞങ്ങൾ പടവിലിരുന്നു. കുറേനേരം കഴിഞ്ഞ് ടോർച്ചിന്റെ വെട്ടം മുഖത്തടിച്ചപ്പോൾ എഴുന്നേറ്റു. സ്വൽപ്പമകലെ ഓംകാരാനന്ദ ആശ്രമത്തിന്റെ കടവിൽ രണ്ട് പോലീസുകാർ നിൽക്കുന്നു. ഇരിപ്പ് മതിയാക്കി.

ഗസ്റ്റ്‌ ഹൗസിലെ റിസപ്ഷനു ചുറ്റും വിദേശിയുവാക്കൾ അപ്പോഴും വർത്തമാനത്തിലാണ്. രാവിലെ വീണ്ടും ആരംഭിക്കുന്ന യാത്രയ്ക്കായി കിടക്കയിലേക്ക്‌ ചാഞ്ഞു.

അടുത്ത ദിവസം തെഹ്രിയിൽ വെണ്ടും വച്ച് ഗംഗയെ കണ്ടിരുന്നു, വഴിതടഞ്ഞ് നിശ്ചലമാക്കപ്പെട്ട ഭാഗീരഥിയുടെ രൂപത്തിൽ.

ഇതെഴുതുമ്പോൾ ഓർമകൾ എന്നെ ഈ വഴികളിലൂടെ പലവട്ടം യാത്ര ചെയ്യിച്ചു. കാല, ദൂര മാനകങ്ങൾ അടയാളപ്പെടുത്താ ത്ത ഒരു സഞ്ചാരം. ധാബയിലെ ചായ എന്റെ രുചിമുകുളങ്ങളെ വീണ്ടും വീണ്ടും. ഇക്കിളിപ്പെടുത്തി. ചങ്ങല തന്ന സുരക്ഷിതത്വത്തിൽ എത്രയോ തവണ ഞാൻ ഗംഗാനദിയിൽ മുങ്ങിനിവർന്നു. വർത്തമാനകാലത്തിൽ നിന്നു മാറി എണ്ണമറ്റ മണിക്കൂറുകൾ പടവുകളിലിരുന്ന് പട്ടണത്തിലെ വെളിച്ചങ്ങൾ നോക്കിയിരുന്നു. ഈ രാത്രിയിൽ, അനേകം മൈലുകൾ ദൂരെയിരുന്ന് ലക്ഷ്മൺ ഝൂലയുടെ കൈവരികളിൽ കൈപ്പടമമർത്തി കാറ്റിനെ നെഞ്ചോടു ചേർക്കുന്നു.