Monday, 21 December 2015

ഉൽക്ക പതിച്ചുണ്ടായ ലോനാർ തടാകം
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ്‌ ഉൽക്ക പതിച്ച്‌ രൂപം കൊണ്ടതാണ്‌ ഈ തടാകം. ഇന്ത്യയിൽ ഇത്തരത്തിലുള്ള ഏക തടാകവും (ക്രേറ്റർ ലേക്ക്‌) ഇതാണെന്നു കരുതപ്പെടുന്നു. അജന്ത- എല്ലോറ സഞ്ചാരികളുടെ താമസസ്ഥലമായ ഔറംഗബാദിൽ നിന്നും 160 കിലോമീറ്റർ യാത്ര ചെയ്താൽ ലോനാർ തടാകത്തിലെത്താം.തടാകത്തിന്റെ മധ്ധ്യഭാഗത്ത്‌ ഉയർന്ന പി. എച്ച്‌ മൂല്യമാണ്‌ (11). തന്മൂലം പ്ളാസ്റ്റിക്‌ പോലും ഇതിൽ ദ്രവിച്ചു പോകും എന്നു പറയപ്പെടുന്നു. വന്നു വീണ ഉൽക്കയുടെ കാന്തിക സ്വാധീനത്താൽ തടാകത്തിന്റെ തൊട്ടടുത്ത്‌ വടക്കുനോക്കിയന്ത്രം വച്ചു നോക്കിയാൽ അതു ശരിക്കുമുള്ള ദിശ കാണിക്കില്ല. പോയിന്ററുകൾ അനങ്ങിക്കൊണ്ടേയിരിക്കും. 


രണ്ടു വർഷം മുൻപ്‌ അ‍ൂറംഗബാദിൽ നിന്നും ടാക്സി പിടിച്ച്‌ അവിടെയെത്തി. ഔറംഗബാദിലെ പഞ്ചവടി ഹോട്ടലിന്റെ താഴത്തെ നിലയിൽ ട്രാവൽ ഏജൻസി നടത്തുന്ന അശോക്‌ ആണ്‌ ടാക്സി ഏർപ്പാടാക്കിത്തന്നത്‌. കാശിനോട്‌ ആർത്തിയോ ജാഡകളോ ഇല്ലാത്ത ആ മനുഷ്യനെക്കുറിച്ച്‌ ഇവിടെ സൂചിപ്പിക്കാതെ വയ്യ. സന്തോഷ്‌ ഷിൻഡേ എന്ന ഗൈഡിനെയും തടാകത്തിന്റെ സമീപമുള്ള ക്ഷേത്രപരിസരത്തു വച്ച്‌ കൂട്ടിനു കിട്ടി. ആ ചെറുപ്പക്കാരന്‌ അന്ന്‌ ഫോൺ ഇല്ലാതിരുന്നത്‌ ഇപ്പോൾ ഒരു നഷ്ടമായി തോന്നുന്നു. കക്ഷിക്കു പരിചയമുള്ള ഒരു റെസ്റ്റോറന്റിന്റെ ഫോൻ നമ്പർ തന്നിട്ട്‌ ആവശ്യമുള്ളപ്പോൾ അതിൽ വിളിച്ചാൽ മതി എന്നും പറഞ്ഞ്നു. അത്‌ കയ്യിൽ എവിടെയോ ഉണ്ട്‌. 

അജന്ത എല്ലോറ യാത്രകളേക്കാൾ എനിക്കും സുഹൃത്തായ സജീവിനും ഏറെ ഇഷ്ട്ടപ്പെട്ടത്‌ ലോനാർ ട്രിപ്പ്‌ ആയിരുന്നു. നല്ല കാമറ ലഭ്യമല്ലാതിരുന്നതിനാൽ തടാകത്തിന്റെ ചിത്രം മൊത്തമായി പകർത്താൻ ഏറെ ക്ളേശിക്കേണ്ടിവന്നു. 

ഒറ്റ ദിവസം കൊണ്ട്‌ ഔറംഗബാദിൽ നിന്നും ലോനാർ പോയി വരാം. താമസിക്കണമെന്നുള്ളവർക്ക്‌ മഹാരാഷ്ട്ര ടൂറിസം ഡിവലപ്മെന്റ്‌ കോർപ്പറേഷന്റെ ഹോ‍ാട്ടൽ തടാകത്തിനു സമീപത്തായുണ്ട്‌. തടാകത്തിന്റെ കരയിലൂടെ ആറു കിലോമീറ്ററോളം നീളുന്ന ഒരു ലൈറ്റ്‌ ട്രെക്കിം
ഗും ആവാം. ഉയർന്ന ക്ഷാരഗുണം കാരണം തടാകത്തിലേക്ക്‌ ആർക്കും ഇറങ്ങാൻ കഴിയുകയില്ല എന്നേയുള്ളു. ചരിത്രപ്രാധാന്യമുള്ളതും ശിൽപ്പഭംഗിയുള്ളതുമായ ക്ഷേത്രങ്ങളും പരിസരത്തുണ്ട്.

Saturday, 19 December 2015

എൻഫീൽഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്ഷേത്രം


എൻഫീൽഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്ഷേത്രം

എൻഫീൽഡ്‌ ബുള്ളറ്റിനായി പണികഴിക്കപ്പെട്ട ക്ഷേത്രമാണ്‌ രാജസ്ഥാനിൽ ജോധ്പൂരിൽ നിന്നും അൻപത്‌ കിലോമീറ്റർ അകലെയുള്ള ഓം ബന്ന ക്ഷേത്രം. ബുള്ളറ്റ്‌ ബാബ ക്ഷേത്രം എന്നാണ്‌ സഞ്ചാരികൾക്കിടയിൽ ഇത്‌ പൊതുവേ അറിയപ്പെടുന്നതെങ്കിലും `ഓം ബന്ന` എന്നാണ്‌ ഇതിനെ പ്രദേശവാസികൾ വിളിക്കുന്നത്‌.

ഇക്കഴിഞ്ഞ നവംബറിൽ കുടുംബവുമൊത്ത്‌ നടത്തിയ രാജസ്ഥാൻ യാത്രയിലെ പ്രധാന അജണ്ടകളിൽ ഒന്നായിരുന്നു ബുള്ളറ്റ്‌ ബാബ ക്ഷേത്ര സന്ദർശനം. ഹോട്ടലുകാർ തന്നെ ഏർപ്പാടക്കിത്തന്ന ജോധ്പൂർ സൈറ്റ്‌ സീയിംഗ്‌ ട്രിപ്പിൽ ഓം ബന്ന എന്ന ലക്ഷ്യവും കൂട്ടിച്ചേർത്തു.
ജോധ്പൂർ - പാലി ഹൈവേയിൽ ഛോട്ടില എന്ന ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം. സൗത്ത്‌ ഇന്ത്യയിൽ നിന്നു വരുന്ന ഞങ്ങൾ ഈ ക്ഷേത്രത്തെപറ്റി എങ്ങനെ അറിഞ്ഞു എന്നായി പോകുന്ന വഴിക്ക്‌ ടാക്സി ഡ്രൈവറുടെ ചോദ്യം. മാസികകളിൽ ഒക്കെ വായിച്ചിട്ടുണ്ട്‌ എന്നു പറഞ്ഞ്‌ കക്ഷിയെ തൃപ്തിയടയിപ്പിച്ചു.
ഈ ബുള്ളറ്റിന്റെ മുൻകാലചരിത്രത്തിൽ വസ്തുതയും, ഐതിഹ്യവും, വിശ്വാസവും കെട്ടുപിണഞ്ഞിരിക്കുന്നു. 1988 ഡിസംബർ 2 ന്‌, ഓം ബന്ന എന്നു വിളിക്കപ്പെട്ടിരുന്ന ഓം സിംഗ്‌ റാത്തോർ ബാംഗ്ദി പട്ടണത്തിൽ നിന്നും തന്റെ ഗ്രാമമായ ഛോട്ടിലയിലേക്ക്‌ റോയൽ എൻഫീൽഡ്‌ ബുള്ളറ്റിൽ വരികയായിരുന്നു. വഴിയരികിൽ ഉള്ള ഒരു മരത്തിൽ ബൈക്ക്‌ ചെന്നിടിച്ച്‌ സിംഗ്‌ അടുത്തുള്ള കുഴിയിലേക്ക്‌ തെറിച്ചുവീണു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബന്ന മദ്യപിച്ചിരുന്നു എന്നും പറയപ്പെടുന്നു. കേസ്‌ രജിസ്റ്റർ ചെയ്ത പൊലീസ്‌, പിറ്റേന്നു രാവിലെ ബുള്ളറ്റ്‌ എടുത്തു പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടു പോയി വെച്ചു. പക്ഷേ അടുത്ത ദിവസം രാവിലെ ഇത്‌ വീണ്ടും അപകടസ്ഥലത്ത്‌ ഇരിക്കുന്നതാണ്‌ കണത്‌. ബൈക്ക്‌ സ്റ്റേഷനിലേക്ക്‌ തിരികെക്കൊണ്ടുപോയ പോലീസ്‌, ഇപ്രാവശ്യം അതിന്റെ ഫ്യൂവൽ ടാങ്ക്‌ കാലിയാക്കി വാഹനം ചങ്ങലയിട്ട്‌ പൂട്ടി വച്ചു. പക്ഷേ പിറ്റേദിവസവും ബൈക്ക്‌ വീണ്ടും മരത്തിനടുത്ത്‌!
താമസിയാതെ ഗ്രാമീണാർ ബുള്ളറ്റിനെ മരത്തിനടുത്ത്‌ പ്രതിഷ്ടിച്ചു. പൂജകളും ആരംഭിച്ചു. അതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക്‌ കാവലായി ഓം ബന്നയെ കണക്കാക്കിപ്പോന്നു. ട്രക്കുകൾ ഹോണടിച്ച്‌ ബുള്ളറ്റിനെ വണങ്ങിപ്പോകാൻ തുടങ്ങി.

നേർ രേഖയിൽ കിടക്കുന്ന സുന്ദരമായ റോഡ്‌ ആയതിനാൽ ജോധ്പൂരിൽ നിന്നും അര മണിക്കൂർ കൊണ്ട്‌ ക്ഷേത്രത്തിനടുത്തെത്തി. പാതയോരത്താണ്‌ ഈ അമ്പലം. ഒരു ഉയർന്ന സ്തൂപത്തിനു മുകളിൽ ബുള്ളറ്റ്‌ നായകൻ ഓം ബന്നയുടെ പ്രതിമ. പുറകിൽ ഒരു ചെറിയ ഷെഡ്ഡിൽ കഥാനായകന്റെ ബുള്ളറ്റുമുണ്ട്‌. മഴയും വെയിലും മനുഷ്യരും മൃഗങ്ങളും നാശമുണ്ടാക്കാതിരിക്കാൻ വേണ്ടി, ഗ്ളാസ്‌ കൂടിനുള്ളിലാണ്‌ ബുള്ളറ്റ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മുൻഭാഗത്ത്‌ ഗ്ളാസ്‌ ആവരണമില്ല. അടുത്തുചെന്ന്‌ ബുള്ളറ്റിനെ ഒന്നു തൊട്ടുവണങ്ങി. ബുള്ളറ്റിനും പ്രതിമയ്ക്കും വലം വച്ചു. കുറെ ചിത്രങ്ങളെടുത്തു. സ്നേഹസൂചകമായി ഒരു ചെറിയ നോട്ടുകൊണ്ട്‌ കാണിക്കയുമിട്ടു.
മദ്യമാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌. സമീപത്തു തന്നെ അതു കിട്ടും. റോഡരികിൽ, ബുള്ളറ്റ്‌ ഇടിച്ച മരത്തിന്റെ ചെറു ചില്ലകളെല്ലാം നിറമുള്ള വളകളും തുണിക്കഷണങ്ങളും കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. അമ്പലത്തിനരികിലൂടെയുള്ള ചെറുവഴിയിലൂടെ ഒന്നുരണ്ട്‌ കിലോമീറ്റർ ചെന്നെത്തുന്നയിടത്താണ്‌ ഓം ബന്നയുടെ ഗ്രാമം.

ക്ഷേത്രത്തിൽ സഞ്ചാരികളുടെ തിരക്ക്‌ അധികമില്ല. ഗ്രാമവാസികളെയാണ്‌ കൂടുതലും കണ്ടത്‌.  റോഡിന്‌ എതിർ വശത്തായി കുറെ ചെറിയ കടകൾ ഉയർന്നു വന്നിട്ടുണ്ട്‌. പൂജാവസ്തുക്കളും, ബുള്ളറ്റ്‌ ബാബയെ പ്രകീർത്തിക്കുന്ന ഭക്തിഗാന സി.ഡികളും മറ്റും ഇവിടെ കിട്ടും. `റെസ്റ്ററന്റോടുകൂടിയ ഒരു ഇടത്തരം ഹോട്ടലും തൊട്ടടുത്തുതന്നെയുണ്ട്‌.
തിരികെ വരുന്ന വഴിക്ക്‌, റോഡിന്റെ വലതു വശത്ത്‌, ബൈക്ക്‌ കൊണ്ടു ചെന്നു വെച്ച പൊലീസ്‌ സ്റ്റേഷൻ ഡ്രൈവർ കാണിച്ചു തന്നു.
വ്യത്യസ്തങ്ങളായ നാട്ടാചാരങ്ങളോടുള്ള കൗതുകവും, രാജ്യത്തെ ഇരുചക്രവാഹനങ്ങളിൽ എന്നും തലയുയർത്തി നിൽക്കുന്ന എൻഫീൽഡ്‌ ബുള്ളറ്റിനോടുള്ള ആരാധനയും മനസിൽ നിറച്ച്‌ തിരികെ ജോധ്പൂരിലേക്ക്‌.