Tuesday, 18 March 2014

‘ഫെര്‍ണാണ്ടസ് alias മൈക്കിള്‍ ജാക്സനെ’ അറിയുമോ


ഗോവയിലെ കലംഗ്യൂട്ട്‌ ബീച്ചിലേക്കുള്ള പടിക്കെട്ടുകള്‍തുടങ്ങുന്നിടത്ത്‌ ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായ ദയാനന്ദ്‌ ബന്ദോദ്ക്കറുടെ പ്രതിമയുണ്ട്‌. സമീപം രണ്ട്‌ തട്ടുകടകളും. കുറഞ്ഞ കാശിനു വയറുനിറച്ച്‌ ആഹാരം കിട്ടണം എന്ന ലക്ഷ്യത്തോടെ രാവിലെ ഞങ്ങള്‍നാലുപേരും കയറിയത്‌ ഈ തട്ടുകടകളില്‍ ഒന്നിലേക്കാണ്‌.
രാത്രി ഒരു മണിക്ക്‌ മുരുഡേശ്വറില്‍ എത്തി, ലോഡ്ജ്‌, ടാക്സി എന്നുവേണ്ട സര്‍വമാന സംഭവങ്ങളുടെയും അടങ്കല്‍ ഏജന്റുമാരായി അടുത്തുകൂടിയവരില്‍ നിന്നും ഒരുവിധം രക്ഷപെട്ട്‌ വണ്ടികയറി രാവിലെ ഗോവയില്‍ എത്തിയതാണ്‌.
എന്ത്‌ കഴിക്കണം എന്ന ചര്‍ച്ചയും തര്‍ക്കവും നടക്കുന്നതിനിടെ തട്ടുകടയ്ക്ക്‌ അടുത്തുനിന്ന ഏകദേശം അറുപത്‌ വയസ്‌ തോന്നിക്കുന്ന പൊക്കം കുറഞ്ഞ ഒരു നരച്ച കുറ്റിത്താടിക്കാരന്‍ഞങ്ങളുടെ അരികിലേക്ക്‌ വന്നു.
“കേരളത്തില്‍ എവിടെയാ?”
കൊല്ലം എന്ന മറുപടി കൊടുത്തപ്പോള്‍കക്ഷി പറഞ്ഞു “ ഞാനും കൊല്ലത്തുനിന്നാ.”
“ഇരുപത്തെട്ടു വര്‍ഷമായി നാട്ടില്‍ നിന്നു പോന്നിട്ട്‌” കൊങ്കിണിച്ചുവയില്‍ മലയാളം അക്ഷരങ്ങള്‍പെറുക്കിയെടുത്ത്‌ അദ്ദേഹം പറഞ്ഞു. വീട്‌ കൊല്ലത്ത്‌ വാടി എന്ന സ്ഥലത്തിന്‌ സമീപം. ഗോവയില്‍ എത്തിയതിനു ശേഷം തിരികെ പോയിട്ടില്ല. വീട്ടുകാരുമായി ബന്ധവും ഇല്ല. ഇപ്പോള്‍തട്ടുകടയിലെ ഓള്‍ഇന്‍ഓള്‍ .
ചിന്നക്കട, ചാമക്കട, തങ്കശ്ശേരി…. കൊല്ലത്തെ സ്ഥലപ്പേരുകള്‍ഇപ്പോളും പുള്ളിക്കാരന്റെ ഓര്‍മ്മയില്‍ ഭദ്രം.
“അമ്മ ഉണ്ട്‌, രണ്ടു ചേട്ടന്മാര്‍ ഉണ്ട്‌, ഒരാള്‍ബഹറിനില്‍ , ഒരാള്‍മദ്രാസില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ” ഇരുപത്തെട്ടു വര്‍ഷം മുന്‍പു വീട്ടില്‍ നിന്നു പോരുമ്പോഴുണ്ടായിരുന്ന സ്ഥിതി വര്‍ത്തമാനകാലത്തിലാക്കി മൈക്കിള്‍ജാക്സണ്‍ പറഞ്ഞു. അതേ, മൈക്കിള്‍ജാക്സണ്‍ തന്നെ. ഒരു പാട്ടിന്റെ ചെറിയൊരു താളത്തിനു പോലും ചുവടു വയ്ക്കുന്ന ഈ മനുഷ്യന്‌ കലംഗ്യൂട്ടുകാര്‍ അറിഞ്ഞുകൊടുത്ത പേര്‌.
വീട്ടില്‍ പോയി എല്ലാവരേയും കാണാന്‍ആഗ്രഹമില്ലേ? എന്റെ നേരേ ഒരു നോട്ടമായിരുന്നു മറുപടി..
ഭാവമാറ്റം കണ്ട്‌ കൂടുതല്‍ ചോദിക്കുന്നതില്‍ നിന്നും സജീവ്‌ എന്നെ വിലക്കി.
നാട്ടില്‍ നിന്നും സിംഗപ്പൂരില്‍ പോയെന്നും അവിടെ നിന്നും ഗോവയിലെത്തി എന്നുമാണ്‌ മൈക്കിള്‍ജാക്സണ്‍ പറഞ്ഞത്‌. .
തുടര്‍ന്നങ്ങോട്ട്‌ ഗോവയിലെ കഴിപ്പ്‌ കക്ഷിയുടെ കടയില്‍ നിന്നുമാക്കി. ഒരു പാത്രം നൂഡില്‍സ്‌ പറഞ്ഞാല്‍ കിട്ടുന്നത്‌ ഒന്നര പ്ളേറ്റ്‌. ഒരു സെറ്റ്‌ പാവ്‌ ബാജിക്ക്‌ ഒരു സെറ്റ്‌ കൂടി ഫ്രീ..
സീസണ്‍ ആരംഭിച്ചിട്ടില്ലാഞ്ഞതിനാല്‍ ബീച്ചുകളില്‍ അമിതമായ തിരക്കില്ലായിരുന്നു. തകര്‍ത്തുമറിയുന്ന ഗോവന്‍ആഘോഷരാവുകളിലേക്ക്‌ കണ്ണെത്തിക്കും മുന്‍പ്‌ ജാക്സന്റെ വക ഉപദേശം വന്നു “സൂക്ഷിക്കണം`.
കലംഗ്യൂട്ട്‌ ബീച്ചില്‍ കാലം ചെലവിടുന്ന മൈക്കിള്‍ജാക്സണ്‍ രാവേറെ ചെല്ലുമ്പോള്‍ഉറങ്ങാന്‍മാത്രം അധികം അകലത്തല്ലാത്ത തന്റെ മുറിയിലേക്ക്‌ പോവും. ഫോണ്‍ ഇല്ല. ഉണ്ടായിട്ടെന്ത്‌ കാര്യം? നാട്ടുകാര്‍ക്ക്‌ എപ്പോഴും വിളിപ്പുറത്താണ്‌ പുള്ളിക്കാരന്‍. മറ്റാരും അന്വേഷിച്ച്‌ വരാറില്ല. ആരേയും അന്വേഷിച്ച്‌ പോകാറുമില്ല. സ്വന്തമായി ഷാക്ക്‌ (സീസണില്‍ റെസ്റ്ററന്റായും ബാര്‍ ആയും പ്രവര്‍ത്തിക്കുന്ന ഓല മേഞ്ഞ ഷെഡ്ഡ്‌) നടത്താനുള്ള സര്‍ക്കാര്‍ ലൈസന്‍സ്‌ സ്വന്തമായുണ്ടെന്ന്‌ പുള്ളി ഇടയ്ക്ക്‌ ഞങ്ങളോട്‌ പറഞ്ഞു.
ആദ്യദിവസം പറഞ്ഞു “എന്റെ ശരിക്കുമുള്ള പേര്‌ പ്രകാശ്‌” അടുത്തദിവസം അത്‌ ഫെര്‍ണാണ്ടസ് എന്ന്‌ തിരുത്തി.
അടുത്ത ദിവസവും തട്ടുകടയില്‍ ചെന്നപ്പോള്‍ജാക്സണ്‍ അവിടെയുണ്ട്‌. തലേദിവസം കണ്ട അതേ ഷര്‍ട്ടും ബര്‍മുഡയും തന്നെ. കക്ഷി ഇടയ്ക്ക്‌ ഞങ്ങള്‍ക്ക്‌ പുറം തിരിഞ്ഞു നിന്നപ്പോള്‍ജോണ്‍ മാത്യു ചൂണ്ടിക്കാണിച്ചു. ബര്‍മുഡയ്ക്കുള്ളില്‍ നിന്ന്‌ ഒരു പൈന്റ്‌ കുപ്പി പുറത്തേക്ക്‌ തല നീട്ടി നില്‍ക്കുന്നു.
`കൊല്ലം` എന്നുകേട്ടപ്പോള്‍കണ്ട അതേ തിളക്കം യാത്ര പറയുമ്പോഴും ജാക്സന്റെ കണ്ണുകളിലുണ്ടായിരുന്നു.
നാട്ടില്‍ ഇപ്പോള്‍ഇദ്ദേഹത്തെ അറിയുന്ന ആരെങ്കിലും കാണുമോ? എന്തിനായിരുന്നു ഈ ഒളിച്ചോട്ടം? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മൈക്കിള്‍ജാക്സണ്‍ പിടി തരാതെ വന്നപ്പോള്‍ഇതൊക്കെ പരസ്പരം ചോദിച്ച്‌ ഞങ്ങള്‍മടങ്ങി.
2011 ല്‍ ആയിരുന്നു ആ യാത്ര. രണ്ടുവര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇക്കഴിഞ്ഞ മെയ്‌ മാസം അജിത്തും ഭാര്യ പാര്‍വതിയും ഗോവയില്‍ പോയപ്പോള്‍അവര്‍ കണ്ടിരുന്നു ജാക്സണെ. അവശത കൂടിയിരിക്കുന്നു. അജിത്‌ സൗഹൃദം പുതുക്കിയെങ്കിലും കക്ഷിക്ക്‌ അത്ര ഓര്‍മ്മ കിട്ടുന്നില്ല. പക്ഷേ കണ്ണിലെ തിളക്കത്തിനും ഫ്രൈഡ്‌ റൈസിന്റെയും നൂഡില്‍സിന്റെയും എക്സ്ട്രാ പ്ലേറ്റുകളിലൂടെ കോരിവിളമ്പിയ സ്നേഹത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല.
പ്രകാശ്‌ അഥവാ ഫെര്‍ണാണ്ടസ്, അതുമല്ലെങ്കില്‍ മൈക്കിള്‍ജാക്സണ്‍. അടിച്ചേല്പ്പിക്കപ്പെട്ടതോ സ്വയം തെരഞ്ഞടുത്തതോ ആയ അജ്ഞാതവാസം തീര്‍ത്ത ഏകാന്തതയില്‍ മയങ്ങിയും ഇടയ്ക്കിടെ മിനുങ്ങിയും വാര്‍ദ്ധക്യത്തിലേക്കുള്ള പടികള്‍കയറുന്നു ഈ മനുഷ്യന്‍.
“ഒറ്റയടിപ്പാതയിലെ യാത്രയാണ്‌ രാജവീഥിയേക്കാള്‍സുഖകരം
ഒപ്പം തോളോടുതോള്‍ചേര്‍ന്ന്‌ നടക്കാന്‍ആരും ഉണ്ടാവില്ലല്ലോ
ഉണ്ടായാലല്ലേ ഒറ്റപ്പെടലുകള്‍തിരിച്ചറിയപ്പെടുന്നത്‌..
ഹൃദയത്തില്‍ നീര്‍ക്കെട്ടുണ്ടാവുന്നതും”

No comments: